യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ;കൊലപാതകമെന്ന് സൂചന
ഇടുക്കി പീരുമേട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന. പാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ ബന്ധുക്കളെ പീരുമേട് പൊലീസ് ചോദ്യം ചെയ്തു.
പ്ലാക്കത്തടം സ്വദേശി അഖിലിനെ ഇന്നലെ രാത്രിയാണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പീരുമേട് പൊലീസ് സ്ഥലത്തെത്തിയത്. അഖിലിന്റെ വീട്ടിൽ നിരന്തരം വാക്കേറ്റം നടന്നിട്ടുള്ളതായി സമീപവാസികൾ പൊലീസിനു മൊഴി നൽകി. തുടർന്നാണ് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ അഖിൽ മരിച്ചതാകാമെന്നാണ് പ്രാഥമികനിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു. അഖിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി